+91 8129409747
അമ്മേ നാരായണ ദേവീ നാരായണ

പുറങ്ങാട്ട് ശ്രീഭദ്രകാളീ ദേവീക്ഷേത്ര ചരിത്രം കായംകുളം രാജകുടുംബവുമായും ആശാൻശേരിൽ (ആശാരിശേരിൽ) കുടുംബ നിവാസികളായിരുന്ന മണ്ണടി ആശാന്മാരുമായും മലബാർ ദേശത്തെ ഒരു ബ്രാഹ്മണോത്തമനുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
തുടർന്നു വായിക്കുക...

Temple Updates
പ്രതിഷ്ഠാ വാർഷികം - Click Here

Purangattu Temple Notice - Click Here

പുറങ്ങാട്ട് ശ്രീഭദ്രകാളീക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ നിർമ്മാണം ആരംഭിച്ചിരിക്കുന്നു.

ചുറ്റമ്പലനിർമ്മാണത്തോടനുബന്ധിച്ച് ശ്രീകോവിലിന്റെ ബാഹ്യനവീകരണം, ദ്വാരപാലകരുടെ പ്രതിഷ്ഠ, സോപാനത്തിന്റെയും ശ്രീകോവിലിന്റെയും പിത്തള പൊതിയൽ, ബലിക്കല്ലുകളുടെ സ്ഥാപനം, പ്രദക്ഷിണവഴിയുടെ നിർമ്മാണം തുടങ്ങി വിപുലമായ ഉദ്ധാരണപ്രവർത്തനങ്ങളാണ് നടക്കുന്നത്.

പൂജ സമയ൦








വഴിപാടുകൾ








ഉത്സവ൦








ക്ഷേത്ര ഭരണസമിതി








അന്വേഷണങ്ങൾ

Purangattu Sri Bhadrakali Temple

Njakkanal, Oachira.

Contact Person:

Unnikrishna Pillai: 8589881211

ചുറ്റമ്പല നിർമ്മാണം

ഭക്തജനങ്ങളേ,
പുറങ്ങാട്ട് ശ്രീഭദ്രകാളീക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ നിർമ്മാണം ആരംഭിച്ചിരിക്കുന്നു. കേരളീയ മഹാക്ഷേത്രങ്ങള്‍ പഞ്ച പ്രാകാരങ്ങളോടു കൂടിയവയായിരിക്കും. ശ്രീകോവിലിനു പുറത്തായി അകത്തെ ബലിവട്ടം, അന്തഹാര അഥവാ ചുറ്റമ്പലം അഥവാ നാലമ്പലം. മധ്യഹാര അഥവാ വിളക്കുമാടം, പുറത്തെ ബലിവട്ടം, മര്യാദ അഥവാ പുറംമതില്‍ എന്നിവയാണ് പഞ്ചപ്രാകാരങ്ങൾ.മഹാക്ഷേത്രങ്ങള്‍ക്കാണ് ഇതുപോലെ പഞ്ചപ്രാകാരങ്ങൾ കാണപ്പെടുക.

ഭാരതീയ സങ്കല്പമനുസരിച്ച് ക്ഷേത്രം ശരീരത്തിനെ പ്രതിനിധാനം ചെയ്യുന്നു. ക്ഷേത്രം ഒരു സജീവ ശരീരമാണെന്നതാണ് എല്ലാ ക്ഷേത്രാചാരങ്ങളുടേയും അടിസ്ഥാനതത്വം. നമ്മുടെ ശരീരമാകുന്ന ക്ഷേത്രത്തിൽ തന്നെ ഈശ്വരചൈതന്യം നിറഞ്ഞിരിക്കുന്നു. എന്നാൽ ഇന്ദ്രിയങ്ങളുടെ മോഹവലയത്തിൽ ഈ അറിവ് സാധാരണ ജനങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു.അതിനാൽ ആചാര്യന്മാർ ക്ഷേത്രം എന്ന മാതൃകാ ശരീരം താന്ത്രികവിധിപ്രകാരം സ്ഥാപിച്ച് നിശ്ചിത ആരാധനാക്രമങ്ങളാൽ ഈ ചൈതന്യം ഉണർത്തുന്നതിന് നമ്മെ സഹായിക്കുന്നു. അപ്രകാരം ചുറ്റമ്പലത്തിന് ബാഹുക്കളുടെ അഥവാ കൈകളുടെ സ്ഥാനം നൽകിയിരിക്കുന്നു. സർവ്വാഭീഷ്ടവരദായിനിയും കരുണാവാരിധിയുമായ നമ്മുടെ ഗ്രാമദേവതയായ ശ്രീഭദ്രകാളീദേവി വാണരുളുന്ന പുറങ്ങാട്ട് ദേവീക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ നിർമ്മാണം നാടിന്റെ ഐശ്വര്യവും ക്ഷേമവും ഉയർത്തി നമുക്കേവർക്കും നന്മയേകുന്ന ഒരു മഹത്സംരംഭമാണ്.

ചുറ്റമ്പലനിർമ്മാണത്തോടനുബന്ധിച്ച് ശ്രീകോവിലിന്റെ ബാഹ്യനവീകരണം, ദ്വാരപാലകരുടെ പ്രതിഷ്ഠ, സോപാനത്തിന്റെയും ശ്രീകോവിലിന്റെയും പിത്തള പൊതിയൽ, ബലിക്കല്ലുകളുടെ സ്ഥാപനം, പ്രദക്ഷിണവഴിയുടെ നിർമ്മാണം തുടങ്ങി വിപുലമായ ഉദ്ധാരണപ്രവർത്തനങ്ങളാണ് നടക്കുന്നത്. മേൽ‌പറഞ്ഞ നിർമ്മാണ പ്രവർത്തനങ്ങളും മറ്റ് അനുബന്ധ നിർമ്മാണങ്ങളും പ്രത്യേകമായി അമ്മയ്ക്ക് സമർപ്പിക്കുവാൻ ഭക്തജനങ്ങൾക്ക് അസുലഭാവസരമാണ് കൈവന്നിരിക്കുന്നത്. എല്ലാ ഭക്തജനങ്ങളും സമീപകാല ക്ഷേത്രചരിത്രത്തിലിന്നോളം ഉണ്ടായതിൽ വെച്ച് ഏറ്റവും വിപുലമായ ഈ സംരംഭത്തിൽ നിർല്ലോഭമായ സഹായ സഹകരണങ്ങൾ നൽകി ഭഗവതിയുടെ അനുഗ്രഹാശിസ്സുകൾക്ക് പാത്രീഭൂതരാവണമെന്നറിയിക്കുന്നു.

പുറങ്ങാട്ട് ശ്രീഭദ്രകാളീ ദേവീക്ഷേത്ര ചരിത്രം

പുറങ്ങാട്ട് ശ്രീഭദ്രകാളീ ദേവീക്ഷേത്ര ചരിത്രം കായംകുളം രാജകുടുംബവുമായും ആശാൻശേരിൽ (ആശാരിശേരിൽ) കുടുംബ നിവാസികളായിരുന്ന മണ്ണടി ആശാന്മാരുമായും മലബാർ ദേശത്തെ ഒരു ബ്രാഹ്മണോത്തമനുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇന്നത്തെ ആശാൻശേരിൽ വീട് നില്ക്കുന്ന സ്ഥലത്ത് പണ്ട് ഒരു മന ആയിരുന്നു ഉണ്ടായിരുന്നത്. ടിപ്പു സുൽത്താന്റെ മലബാർ പട വരുമെന്നു ഭയന്ന് അവിടത്തെ അന്തേവാസികളിൽ ഒരു ബ്രാഹ്മണൻ ഒഴികെ മറ്റെല്ലാവരും കൊണ്ടു പോകാവുന്ന എല്ലാ സ്വത്തുക്കളും എടുത്ത് ആരാധനാ വിഗ്രഹങ്ങൾ കിണറ്റിലുപേക്ഷിച്ച് പലായനം ചെയ്തു. എന്നാൽ വിധിവൈപരീത്യമെന്നു പരയട്ടെ പലായനം ചെയ്തവരെല്ലാം മലബാർ പടയുടെ വാളിന്നിരയായി.

അക്കാലത്ത് കായംകുളം രാജകുടുംബത്തിന്റെയും സൈന്യത്തിന്റെയും ആയോധനാഭ്യാസത്തിന്റെ ചുമതല മണ്ണടി ആശാന്മാർക്ക് ആയിരുന്നു. അതിൽ പെട്ട അതീന്ദ്രിയ ജ്ഞാനിയായ ഒരു ആശാൻ രാജാവിന്റെ വിശ്വസ്തൻ ആയിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ആയിരുന്നു രാജാവ് ഭരണം നിർവ്വഹിച്ചിരുന്നത്. ഓച്ചിറ പരബ്രഹ്മ മൂർത്തിയുടെയും കൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശ്രീചക്രത്തിന്റെയും സാന്നിദ്ധ്യവും ആശാന്റെ അതീന്ദ്രിയ ജ്ഞാനവുമാണ്‌ രാജ്യത്തെ ആപത്തുകളിൽ നിന്ന് രക്ഷിക്കുന്നതെന്നും കായംകുളം രാജ്യത്ത് മലബാർ പടയുടെ ആക്രമണം ഉണ്ടാവാതിരുന്നത് അതുകൊണ്ടാണെന്നും രാജാവ് വിശ്വസിച്ചിരുന്നു. ആശാന്റെ തന്ത്രങ്ങളിൽ സന്തോഷവാനായ രാജാവ് ആശാനെയും കുടുംബത്തെയും നാശോന്മുഖമായ പഴയ ആശാൻശേരിൽ മന പൊളിച്ച് ഒരു മഠം സ്ഥാപിച്ച് അവിടെ താമസിപ്പിക്കുകയും ധാരാളം സ്വത്തുക്കൾ പതിച്ചു നൽകുകയും ചെയ്തു. അങ്ങനെ ആ മഠം ആശാൻശേരിൽ എന്നറിയപ്പെട്ടു.

ഇക്കാലയളവിൽ തന്നെ മലബാർ പടയെ ഭയന്ന് മലബാർ ദേശത്തുള്ള ഒരു ബ്രാഹ്മണ യുവാവ് ദേശദേവതയായ ഭദ്രകാളിയുടെ വിഗ്രഹവുമായി അവിടെ നിന്ന് പുറപ്പെട്ടു. അനേകകാലം ഉചിതമായ ആശ്രയസ്ഥാനം അന്വേഷിച്ച് വിവശനായ അദ്ദേഹത്തിന്‌ ദേവി സ്വപ്നദർശനം നൽകി തെക്കു ദിക്കിലേക്ക് ജലമാർഗ്ഗം യാത്ര തുടരുവാനും അവിടെ ഭാഗവത പാരായണം നടക്കുന്ന സ്ഥലത്ത് ആശ്രയിക്കുവാനും നിർദ്ദേശിച്ചു. അങ്ങനെ അദ്ദേഹം ആശാൻശേരിൽ ഭാഗവത പാരായണം നടക്കുന്നതായി ശ്രദ്ധിക്കുകയും അവിടത്തെ ആൽത്തറയിൽ വിഗ്രഹം പ്രതിഷ്ഠിച്ച് അവിടെ താമസമാക്കുകയും ചെയ്തു. കുറച്ചു കാലങ്ങൾക്കു ശേഷം പുറക്കളത്തിൽ (പുറങ്ങാട്ടു കാവ്‌) അദ്ദേഹം ധ്യാനത്തിലമരുകയും ശിവസാന്നിദ്ധ്യം ശക്തമായ അവിടെ ഭദ്രകാളീ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ ബ്രാഹ്മണോത്തമൻ പിന്നീട് ആശാന്മാരുടെ നിർബ്ബന്ധപ്രകാരം കാട്ടൂർ മഠത്തിൽ നിന്ന് വേളി കഴിച്ച് ഗൃഹസ്ഥാശ്രമം സ്വീകരിച്ചു. (ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യമാണ്‌ ഉപദേവനായ ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ)

ഒരിക്കൽ കിഴക്കൻ പ്രദേശത്ത് നായാട്ടു കഴിഞ്ഞ് ഏതാനും അനുചരന്മാരുമായി മടങ്ങിയ കായംകുളം രാജാവ് ഏറെ നേരം ഇരുട്ടി യാത്ര തുടരാൻ വഴിയറിയാതെ വനമദ്ധ്യത്തിലകപ്പെട്ട് വിഷമിച്ചു നിൽക്കുമ്പോൾ പുറങ്ങാട്ടു കാവിനു മുകളിലായി അഭൗമവും അത്ഭുതകരവും വർണ്ണനാതീതവുമായ ഒരു പ്രകാശം കണ്ടു. പ്രകാശം ലക്ഷ്യമാക്കി രാജാവ് യാത്ര തുടരുകയും പുറങ്ങാട്ടു കാവിൽ എത്തിച്ചേരുകയും ചെയ്തു. ഉടൻ പ്രകാശം അപ്രത്യക്ഷമാവുകയും കാവിൽ നിന്ന് സന്തോഷം കൊണ്ടുള്ള ഒരു പൊട്ടിച്ചിരിയും ഒപ്പം അടക്കിപ്പിടിച്ച ഒരു ചിരിയും കേൾക്കുകയും ചെയ്തു. കൊട്ടാരത്തിൽ എത്തിച്ചേർന്ന മഹാരാജാവ് ജ്യോതിഷികളെ വിളിച്ചു വരുത്തുകയും സന്തോഷത്തോടു കൂടിയ ചിരി ദേവിയുടേതും അടക്കിപ്പിടിച്ച ചിരി തോഴിയായ യക്ഷിയമ്മയുടേതുമാണെന്നും പ്രശ്നനിരൂപണത്തിൽ തെളിയുകയും ചെയ്തു. കാലവിളംബം കൂടാതെ ദേശതന്ത്രിയേയും സ്ഥപതിയേയും വരുത്തി പുറങ്ങാട്ടു കാവിൽ ദേവീക്ഷേത്രവും നാലമ്പലവും കളത്തട്ടുകളൂം നിർമ്മിച്ച് പടയണി,തുള്ളൽ,ആട്ടം തുടങ്ങിയ ക്ഷേത്രകലകളോടെ ആചരിച്ചു തുടങ്ങി. ക്ഷേത്രത്തിനാവശ്യമായ പുരയിടങ്ങളും നിലങ്ങളും മഹാരാജാവിന്റെ വിശ്വസ്തനായ കണക്കപ്പിള്ള ആയിരുന്ന അവിവാഹിതനായ പനയ്ക്കലെ കാരണവരുടെ പേരിൽ കരമൊഴിവായി പതിച്ചു നൽകുകയും ക്ഷേത്ര ചിലവുകൾക്കായി പതിന്നാലു പണം വീതം അനുവദിക്കുകയും ചെയ്തു. (പനയ്ക്കൽ വീട്ടിൽ നിന്നാണ്‌ ദേവി കൈനീട്ടപ്പറ സ്വീകരിക്കുന്നത്.) പുരാതനമായ വാള്‌, പുരാതനശൈലിയിലുള്ള വിഗ്രഹം, കാനനമദ്ധ്യത്തിലുള്ള ക്ഷേത്രസ്ഥാനം, തടിയിൽ നിർമ്മിച്ച ശ്രീകോവിൽ എന്നിവ ക്ഷേത്രത്തിന്റെ സവിശേഷതകളായിരുന്നു. പടനായകന്റെ മുൻപിൽ പടകാളിയെ പലരും കണ്ടിട്ടുള്ളതായി പറയപ്പെടുന്നു.

പിൽക്കാലത്ത് ഈ സ്വത്തുക്കൾ അന്യാധീനപ്പെട്ടു പോകുകയും കരനാഥന്മാരായ കാട്ടൂർ, വെട്ടുകുളഞ്ഞിയിൽ, കന്നേലിൽ, പോണാൽ, കൊച്ചുവീട്ടിൽ, മരങ്ങാട്ട്, ഇടയ്ക്കാട്ട്, ആലക്കോട്ട്, മേടയിൽ, ചിരട്ടുവള്ളിൽ, പൂവടിയിൽ, തറവാടുകളിലെ കാരണവന്മാരും ബ്ലാഹയിൽ പാർവ്വത്ത്യാരും, ആശാൻശേരിലെ കാരണവരും ചേർന്ന് ക്ഷേത്രവും സ്ഥലവും വാങ്ങുന്നതിന്‌ പരിശ്രമിക്കുകയും എൻ.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയിൽ ആക്കി ക്ഷേത്രം ജീർണ്ണോദ്ധാരണം ചെയ്ത് ആചരിക്കുകയും ചെയ്തു. ഇപ്പോൾ നാനാജാതി മതസ്ഥരുടേയും സഹകരണത്തോടെ ക്ഷേത്രം നാടിന്റെ ഐശ്വര്യമായി നിലകൊള്ളുന്നു.

ഗണപതിയുടെ പ്രതിഷ്ഠ ഇല്ലാതിരുന്ന കാലത്ത് തേജസ്വിനിയായ ഒരു സ്ത്രീയേയും ബാലനേയും ക്ഷേത്രപരിസരത്ത് പലപ്പോഴും കണ്ടിട്ടുള്ളതായി അനേകർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.പിന്നീട് നടന്ന ദേവപ്രശ്നത്തിൽ ഗണപതിയുടെയും പുരാതന കാനന സാന്നിദ്ധ്യമായിരുന്ന മഹാദേവന്റെയും നന്ദികേശന്റെയും പ്രതിഷ്ഠകൾ നടത്തി. ഇവിടുത്തെ ഗണപതി ഹോമം, ദേവിയ്ക്ക് രക്തപുഷ്പാഞ്ജലി, മഹാദേവന്‌ ജലധാര, ബ്രഹ്മരക്ഷസ്സിന്‌ പാല്പായസം, യക്ഷിയമ്മയ്ക്ക് കരിവള, സർപ്പക്കാവിലെ നൂറും പാലും എന്നീ വഴിപാടുകൾക്ക് സവിശേഷ ഫലസിദ്ധി ഉള്ളതായി അനേകം ജ്യോതിഷികളും സാക്ഷ്യപ്പെടുത്തുന്നു.

ഇവിടെ ആദ്യക്ഷേത്രപ്രതിഷ്ഠ നടത്തിയത് ബ്രഹ്മശ്രീ ഞക്കാട്ട് മാധവൻ പോറ്റി ആണെന്ന് ശീവേലീ ബിംബ പീഠത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.സമീപ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ദേവിയുടെ പഞ്ചലോഹനിർമ്മിതമായ ശീവേലി ബിംബം തന്നെ പറയ്ക്കെഴുന്നള്ളത്തിനും മറ്റ് പുറത്തെഴുന്നള്ളത്തുകൾക്കും നിറസാന്നിദ്ധ്യമായി ജീവതയിൽ എഴുന്നള്ളിക്കുന്നു.ദേവിയുടെ തിരുനാളായി ആഘോഷിയ്ക്കുന്നത് അന്നത്തെ കായംകുളം രാജാവിന്റെ നക്ഷത്രമായ ചതയം നാളിലാണെന്നതും ഇവിടത്തെ മാത്രം സവിശേഷതയാണ്‌. ഉത്സവ ദിവസം എതിരേൽപ് ഘോഷയാത്ര ജീവത എഴുന്നള്ളത്തോടു കൂടി ദേവിയുടെ മൂലസ്ഥാനമായ ആശാൻശേരിൽ എത്തുന്നു.